യാത്രകള്‍ അവിസ്മരണീയമാകുന്നത് ആ യാത്രയില്‍ കണ്ട കാഴ്ചകള്‍ മനസ്സിലേക്ക് ഇടക്കിടെ ഓടിയെത്തുമ്പോഴാണ്. മനസ്സ് അശാന്തമാകുമ്പോള്‍ ഒരു യാത്ര മനസ്സിനെ ശാന്തമാക്കും. അങ്ങനെ ഒരു യാത്രയില്‍ കണ്ട കാഴ്ചകളാണ് ഇവിടെ കാണുന്നത്. ഹരിപ്പാടു നിന്നും ഒക്ടോബര്‍ 8 ശനിയാഴ്ച പുലര്‍ച്ചെ 4.30നുള്ള ട്രയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
രാവിലെ 8മണിക്കു തന്നെ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്ര സമുച്ചയത്തിനകത്തും പുറത്തും മണിക്കൂറുകളോളം സമയം ചിലവഴിച്ചിട്ടുള്ള എനിക്ക് ഭീതിദമായ കാഴ്ച്ചകളാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. തോക്കുധാരികളായ നിയമപാലകര്‍ ഓരോ മുക്കിനും മൂലയിലും. ശ്രീപദ്മനാഭന്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണെന്നറിഞ്ഞ് എത്തിയ സന്ദര്‍ശകരുടെ തിക്കും തിരക്കും കലമ്പലുകളും ഒരുവശത്ത്.ക്ഷേത്രത്തിനകത്ത് നീണ്ടനിര. എല്ലാവരുടേയും നോട്ടം വിഖ്യാതങ്ങളായ ആ നിലവറകള്‍ എവിടെയാണ് എന്നാണ്. ആരും കല്ലില്‍ തീര്‍ത്ത വിസ്മയങ്ങളോ കാലത്തിനും മങ്ങലേല്‍പ്പിക്കാനാവാത്ത ചുവര്‍ ചിത്രങ്ങളേയോ നോക്കുന്നത് കാണാനില്ല. ക്ഷേത്രത്തിനകത്ത് ആ പഴയ പ്രശാന്തത ഇപ്പോഴില്ല. ക്യൂ നിന്ന് ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി.
എല്ലാറ്റിനും സാക്ഷിയായി മേത്തന്‍ മണി നിശ്ചലം നില്‍ക്കുന്നു.സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിനു മുകളിലായി സ്ഥാപിച്ച നാഴികമണിയാണ് മേത്തന്‍മണി. ആലപ്പുഴയിലെ കാലഡികോട്ട് എന്ന സായിപ്പ് മദിരാശിയിലെ ചിന്നപട്ടണത്തില്‍ നിന്ന് രണ്ട് നാഴികമണികള്‍ വാങ്ങുകയും ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് പത്മനാഭപുരത്തും സ്ഥാപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സ്ഥാപിച്ച നാഴികമണി യന്ത്രത്തില്‍ വിനോദ രൂപേണ മഹാഗണിയില്‍ കൊത്തുപണികളോടെ ഒരു മുസ്ളീമിന്റെ മുഖരൂപവും അതിന്റെ ഇരുവശങ്ങളിലുമായി രണ്ടാട്ടിന്‍ കുട്ടികളുടെ രൂപത്തേയും ബന്ധിപ്പിച്ചിരിക്കുന്നു. മണിശബ്ദം മുഴങ്ങുമ്പോള്‍ ആട്ടിന്‍ കുട്ടികള്‍ മുസ്ളീമിന്റെ മുഖത്ത് പരസ്പരം മുട്ടുന്നു. ഒരു പ്രത്യേക തരം ചെമ്പുതകിടില്‍ പണി കഴിപ്പിച്ച മേത്തന്‍ മണിയുടെ നിര്‍മ്മാതാവ് വഞ്ചിയൂരിലുള്ള ഒരു ഇരുമ്പ് പണിക്കാരനാണെന്നും ആ പണിക്കാരന്റെ പരമ്പരയില്‍പ്പെട്ടവരാണ് പില്‍ക്കാലത്ത് മണിയുടെ അറ്റകുറ്റപണികള്‍ നിര്‍വ്വഹിച്ചു പോരുന്നതെന്നും പറയപ്പെടുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് സ്ഥാപിച്ചിരുന്ന മേത്തന്‍ മണിയും അത് നിലകൊള്ളുന്ന ഇരുനില മാളികയും ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ നിലയില്‍ കൊട്ടാരം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. മുകളിലെ കരുവേലപ്പുരമാളികയിലാണ് മേത്തന്‍ മണി സ്ഥാപിച്ചിരുന്നത്. രാജാക്കന്മാര്‍ ഒരു കാലത്ത് പ്രജകളുടെ പരാതി സ്വീകരിച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു.
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭാഗമായ പഞ്ചതീര്‍ത്ഥങ്ങളില്‍ ഒന്നാണ് പദ്മതീര്‍ത്ഥക്കുളം. പദ്മതീര്‍ത്ഥക്കുളത്തിലേക്കിറങ്ങണമെങ്കില്‍ പാസെടുക്കണമെന്നായിരിക്കുന്നു.
കുളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന ആലിന്റെ ശിഖിരത്തില്‍ ഒരുപറ്റം നീര്‍കാക്കകള്‍ വിശ്രമിക്കുന്നു. അവറ്റകള്‍ ആരേയും ഭയക്കുന്നുമില്ല ശ്രദ്ധിക്കുന്നുമില്ല. കുളത്തിലെ തിലോപ്പിയ മീനുകളെയും നീര്‍കാക്കകളെയും കണ്ട് യാത്ര തുടര്‍ന്നു.
കളിയിക്കാവിളയും മാര്‍ത്തണ്ഡവും പിന്നിട്ടിട്ടും പ്രകൃതിക്ക് വലിയ മാറ്റമൊന്നുമില്ല. കൊടും വേനലിലും കൃഷിയിടങ്ങളിലൂടെ നിറഞൊഴുകുന്ന കനാലുകള്‍ തമിഴ്നാടിന്റെ മികച്ച ജലസേചന പദ്ധതികളുടെ വിജയമാണ്.
ഏറെ നേരത്തെ യാത്രയ്ക്കൊടുവില്‍ ബസ് നാഗര്‍കോവിലിലെത്തി.നട്ടുച്ച സമയം. സൂര്യന്‍ കത്തിജ്ജ്വലിക്കുകയാണ്.
നാഗര്‍കോവില്‍ ബസ് സ്റ്റാന്റിലെ പൈപ്പില്‍ നിന്നും ഇറ്റു വീഴുന്ന വെള്ളം കുടിക്കുകയാണ് ഒരു തെരുവു നായ. നാഗര്‍കോവിലില്‍ നിന്ന് അരമണിക്കൂര്‍ യാത്രയ്ക്ക് ശേഷം സമുദ്രസംഗമഭൂമികയിലെത്തി. സമാനതകളില്ലാത്ത കന്യാകുമാരി എന്ന പുണ്യഭൂമിയില്‍ എപ്പോഴും സന്ദര്‍ശകരുടെ തിരക്കാണ്.
കരയില്‍ നിന്നും ഏകദേശം 400 മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. പുതിയതായി നിര്‍മ്മിച്ച തിരുവള്ളുവര്‍ പ്രതിമ വിവേകാനന്ദപ്പാറയുടെ ഗാംഭീര്യത്തെ പിന്നിലാക്കുന്ന തരത്തില്‍ നില്‍ക്കുന്നു.'ദ്രാവിഡവേദം' എന്ന് കരുതപ്പെടുന്ന വിശ്വപ്രശസ്തമായ തിരുക്കുറള്‍ രചിച്ച മഹായോഗിയാണ് തിരുവള്ളുവര്‍.
വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ടില്‍ കയറുവാന്‍ നീണ്ട ക്യൂവില്‍ നില്‍ക്കണം. ക്യുവിനോടുള്ള അലര്‍ജിയും സുനാമിപ്പേടിയും ആ ഉദ്യമത്തില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചു.
അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒരുപോലെ തലോടുന്ന ഈ ഭൂമിക്ക് ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനും മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളായ കുമരി എന്ന ദേവതയിൽ നിന്നുമാണ് കന്യാകുമാരി എന്ന പേര് കിട്ടിയത്.
വെയില്‍ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇനി സൂര്യാസ്തമനത്തിന്റെ മനോഹാരിത ആസ്വദിക്കാം.
കാലം നോക്കാതെ സഞ്ചാരികളേറയും ആകർഷിക്കപ്പെടുന്നത് ഉദയാസ്തമയങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ്. ലോകത്തില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ ദൃശ്യാനുഭവമാണ് ഈ സൂര്യാസ്തമയങ്ങൾ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
അസ്തമനം കഴിഞ്ഞു ഇനി ഒരുറക്കം കഴിഞ്ഞ് ഉണരുമ്പോള്‍ സൂര്യോദയം കാണാം.
പുലര്‍കാല സൂര്യനെ ക്യാമറയില്‍ പകര്‍ത്താന്‍ സന്ദര്‍ശകര്‍ തിക്കിതിരക്കുന്നു
പുലിമുട്ടിന് കിഴക്കായി “ഉദയക്കനി“ ഉയര്‍ന്നു അക്ഷമരായി കാത്തുനിന്ന സന്ദര്‍ശകര്‍ ആഹ്ലാദാരവങ്ങളോടെ പകലോന്റെ ആദ്യകിരണങ്ങള്‍ ഏറ്റുവാങ്ങി.
ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ് ഗാന്ധിമണ്ഠപം.മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്ത് പിന്നീട് നിർമ്മിച്ചതാണ് ഗാന്ധിമണ്ഠപം. ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഇതിൽ ഗാന്ധിജയന്തി ദിനമായ ഒക്റ്റോബർ 2 ന് സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഉദയവും അസ്തമനവും കണ്ട സംതൃപ്തിയോടെ കന്യാകുമാരിയില്‍ നിന്ന് വിടവാങ്ങി. അടുത്ത ലക്ഷ്യം ശുചീന്ദ്രമാണ്.
നാഗര്‍കോവില്‍ കന്യാകുമാരി രാജപാതയോരത്താണ് ശുചീന്ദ്രം ക്ഷേത്രം. ശുചീന്ദ്രത്തെത്തിയാല്‍ സകലപാപവും തീരുമെന്നാണ്.
ക്ഷേത്രത്തിനകത്തെ ശില്പചാരുത അതിശയകരം തന്നെ.സപ്തസ്വരങ്ങളുയരുന്ന കല്‍ത്തൂണുകളും, കൂറ്റന്‍ ഹനുമല്‍ വിഗ്രഹവും, നന്ദികേശനും അദ്ഭുതകരം. അവ നേരിട്ട് കണ്ട് ആസ്വദിക്കുക തന്നെ വേണം.
തീര്‍ത്ഥക്കുളം വേനലില്‍ വറ്റിയിരിക്കുന്നു.എങ്കിലും കുളത്തിനു നടുവിലെ കല്‍മണ്ഡപം പഴയ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.
രണ്ടുനാള്‍ നീണ്ട സ്വാര്‍ത്ഥകമായ തീര്‍ത്ഥാടന വിനോദസഞ്ചാരം അവസാനിച്ചു, മറ്റൊരു യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളുമായി.

ശുചീന്ദ്രത്തോടു യാത്ര പറഞ്ഞ് വീണ്ടും അനന്തപുരിയിലേക്ക്.
തിരുവനന്തപുരത്തുനിന്നും ഹരിപ്പാട്ടേക്കുള്ള ട്രയിനിന് ഏതാനും മണിക്കൂറുകള്‍ കൂടിയുണ്ട്. ആ സമയം കൊണ്ട് മ്യൂസിയത്തില്‍ ഒന്നു കറങ്ങി.
രണ്ടുനാള്‍ നീണ്ട സ്വാര്‍ത്ഥകമായ തീര്‍ത്ഥാടന വിനോദസഞ്ചാരം അവസാനിച്ചു, മറ്റൊരു യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളുമായി.